Wednesday, July 31, 2013

ഓര്‍മകളില്‍ പ്രകാശം പരത്തുന്നു ഇന്നും ഇന്ത്യയുടെ മഹാനായ പുത്രന്‍



സൂര്യ ശോഭയോടെ എപ്പോഴും മനസ്സിൽ ജ്വലിച്ചു നിൽക്കുന്നു തെളിഞ്ഞ വദനം,
ഇന്നും കഴിയുന്നില്ല വിശ്വസിക്കാൻ ആ സാന്നിധ്യം അകന്നുപോയി എന്ന യാഥാർത്ഥ്യം,
ഷിഹാബ്‌ തങ്ങളില്ലാത്ത നാലു വർഷം.

ആവേശമായിരുന്നു എന്നും,
ആശ്വാസമായിരുന്നു ആ തണൽ,
പ്രതീക്ഷയായിരുന്നു ആ നേതൃത്വം,,,
ഇന്നിപ്പോൾ കാറ്റും കോളും നിറഞ്ഞ മാനത്ത്‌ ഞങ്ങൾ കൊതിച്ചു പോകുന്നു സയ്യിദേ അങ്ങയുടെ തലോടൽ.

അറിവ്‌ വെക്കുന്ന കാലം തൊട്ടേ കേട്ട്‌ തുടങ്ങിയ നാമം, പിന്നീടെന്നോ കാണാനുള്ള മോഹമായി, ആ പേരിനൊപ്പം ജയ്‌ വിളിക്കാൻ ആവേശമായിത്തുടങ്ങി, പച്ചക്കൊടി നെഞ്ചിലേക്ക്‌ ചേർത്ത്‌ വെച്ച്‌ തുടങ്ങിയപ്പോൾ അഭിമാനം തോന്നി എന്‍റെ നേതാവ്‌ പാണക്കാട്ടെ തങ്ങളാണല്ലൊ.

വിളക്കായി ജ്വലിച്ചു നിൽകുന്നു ഇന്നും കേരളീയ പൊതു സമൂഹത്തിൽ... ഷിഹാബ്‌ തങ്ങളെ കുറിച്ച്‌ ചർച്ച ചെയ്യാതെ ഒരു ദിവസം പോലും കഴിഞ്ഞു പോകുന്നില്ല.
ഘോരഘോരം പ്രസംഗിച്ചിട്ടായിരുന്നില്ല തങ്ങൾ ജനലക്ഷങ്ങളുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചത്‌.
വിമർശനങ്ങളോ പരിഹാസങ്ങളോ കുറ്റപ്പെടുത്തലുകളോ ആ വാക്കുകളിൽ നമ്മൾ കേട്ടില്ല.


കഥ പറയാനും കേൾകാനും ഏറെ ഇഷ്ടപ്പെട്ടു തങ്ങൾ.
മറ്റുള്ളവരുടെ സങ്കടങ്ങൾ കേട്ട്‌, അത്‌ സ്വന്തമായിക്കണ്ട്‌ സൃഷ്ടാവിനോട്‌ പ്രാർത്ഥിച്ചു തങ്ങൾ.
കാരുണ്യം വറ്റാത്ത ഹൃദയവുമായി, ഒരിക്കലും അടച്ചിടാത്ത പടിവാതിലിനപ്പുറത്ത്‌ പുലരുവോളം കാത്തിരുന്നു തന്നോട്‌ വേദന പങ്കുവെക്കാനെത്തുന്നവർക്ക്‌ വേണ്ടി.
അനുതാപത്തിന്‍റെ ഒരു നോട്ടം അല്ലെങ്കിൽ സന്ത്വനത്തിന്‍റെ ഒരു തലോടൽ അതുമല്ലെങ്കിൽ ആ കയ്യിന്‍റെ സ്പർശനം പിന്നെ എല്ലാറ്റിനുമപ്പുറത്ത്‌ ആ ദുആക്ക്‌ ആമീൻ പറയാനുള്ള ഭാഗ്യം.
അതുമാത്രം മതിയായിരുന്നു ആ സാന്നിധ്യം കൊതിച്ചെത്തുന്നവർക്ക്‌.

കടലോളം സ്നേഹം കൊണ്ടുനടന്നു ഉള്ളിൽ...
തന്നെ തേടിവന്ന പതിതർക്ക്‌ സാന്ത്വനത്തിന്‍റെ തണൽമരമായി അരികത്ത്‌ നിന്നു ഷിഹാബ്‌ തങ്ങൾ.
അതേ സമയം, ഐക്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശവുമായി നാടൊട്ടുക്ക്‌ സഞ്ചരിച്ച്‌ കൊണ്ടിരുന്നു അവസാനം വരെ.
മർദ്ധിത പീഢിത പിന്നാക്ക ജനവിഭാഗങ്ങൾക്ക്‌ കൈയെത്തും ദൂരത്ത്‌ അത്താണിയായി നിലകൊണ്ടു.

ഹിമാലയത്തോളം ഉയർന്നു നിന്നപ്പോഴും എളിമയുടെയും, ആഢ്യത്വത്തിന്‍റെയും ആൾരൂപമായി നാട്ടിലെ നന്മകൾക്കും വികസനങ്ങൾക്കും ജീവകാരുണ്യങ്ങൾക്കും വേണ്ടി നിറഞ്ഞുനിന്നു തുല്യതയില്ലാത്ത ആ നേതാവ്‌.
പരസ്പരം വെട്ടിത്തീരാൻ ഒരുങ്ങിനിന്നവർക്കിടയിൽ സമാധാനത്തിന്‍റെ വെള്ളതൂവാലയുമായി കടന്നുവന്നു അദ്ധേഹം.

മതമൈത്രിക്കും മതസഹിഷ്ണുതക്കും ഉലച്ചിൽ തട്ടുംബോൾ, ഒരു വേള നാട്‌ തന്നെ കത്തിയമരുമായിരുന്ന സാഹചര്യത്തിൽ പാണക്കാട്ടെ സ്നേഹത്തിന്‍റെ സന്ദേശവാഹകൻ, ഇൻഡ്യയുടെ മഹാനായ പുത്രൻ സയ്യിദ്‌ മുഹമ്മദലി ഷിഹാബ്‌ തങ്ങൾ തന്‍റെ വട്ടമേശക്കിപ്പുറം ഇരുന്നൊന്ന് പുഞ്ചിരി തൂകിയാൽ തീരുമായിരുന്നു എല്ലാം.

ബാബരി മസ്ജിദ്‌ രജ്യദ്രോഹികൾ തകർത്തപ്പോൾ, രാജ്യമൊട്ടുക്കും കലാപങ്ങൾ തലപൊക്കിയപ്പോൾ, സമാധാനത്തിന്‍റെ പച്ചത്തുരുത്തായി ഈ മലയാളനാട്‌ ഭാരതത്തിനു മാതൃകയായി നിന്നത്‌ പൂകോയതങ്ങളുടെ പുത്രന്‍റെ മേധാശക്തി ഒന്നുകൊണ്ട്‌ മാത്രമായിരുന്നു.

മുസ്ലിം ലീഗ്‌ എന്ന മഹിത പ്രസ്ഥാനത്തിന്‍റെ ചക്രവർത്തിയും സർവസൈന്യാധിപനുമായിയിരിക്കുംബോൾതന്നെ മുസ്ലിം സമുദായത്തെ കാറ്റിലും കോളിലും പെട്ട്‌ തകരാതെ കരക്കടുപ്പിച്ച കപ്പിത്താനായും ഷിഹാബ്‌ തങ്ങൾ മുൻ നിരയിൽ നിന്നു.

ഇന്ന് ആശിച്ച്‌ പോകുന്നു സയിദ്‌ ഷിഹാബ്‌ നയിക്കാൻ മുൻപിൽ ഉണ്ടായിരുന്നെങ്കിൽ എന്ന്,
മുസ്ലിം ഐക്യം എന്ന സ്വപ്നം യാഥാർത്ഥ്യമായിക്കാണാൻ ആഗ്രഹിക്കുകയും അതിനുവേണ്ടി അഹോരാത്രം പണിയെടുക്കുകയും ചെയ്തു ഷിഹാബ്‌ തങ്ങൾ.

ഒരു കാലഘട്ടത്തിന്റെ ഇതിഹാസവും ഒരു തലമുറയുടെ ആവേശവുമായി നീണ്ട മുപ്പത്‌ വർഷം മുസ്ലിം സംഘശക്തിയുടെ ചെങ്കോലേന്തിയപ്പോഴും അധികാരത്തിന്‍റെ ഇടനാഴികളിൽ സയിദ്‌ ഷിഹാബിന്‍റെ നിഴലുപോലും നാമാരും കണ്ടില്ല.
അതുകൊണ്ട്‌ തന്നെയാണ് രാജ്യം അദ്ധേഹത്തെഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് വിശേഷിപ്പിച്ചത്‌.